കോട്ടയം : ഗുണ്ടാ അക്രമണങ്ങളിൽ ഞെട്ടി കോട്ടയം. തുടരേ തുടരേ നിരവധി ഗുണ്ടാ അഴിഞ്ഞാട്ടമാണ് ജില്ലയിൽ നടക്കുന്നത്.
19 കാരനായ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് ഏറ്റവും ഒടുവിലായി ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയായിരുന്നു.
നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോനാണ് കൊല നടത്തിയത്. ഇന്നു പുലർച്ചെ 4നാണ് സംഭവം നടന്നത്.
ജോമോൻ ഷാനിനെ കഴിഞ്ഞ ദിവസം രാത്രി ഓട്ടോയിൽ കൂട്ടിക്കൊണ്ടു പോയിരുന്നു. കൊന്നു എന്ന് പറഞ്ഞ് പുലർച്ചെ പൊലീസ് സ്റ്റേഷന്റെ ഷാനിനെ കൊണ്ടിടുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിയായ ജോമോന്റെ പേരിൽ മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു കാപ്പ് ചുമത്തിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു തന്നെയാണ് ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരങ്ങൾ.
ഷാനിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് യുവാവിനെ കണ്ടെത്താനായി അന്വേഷണം നടത്തവേയാണ് ഷാനിനെയും കൊണ്ട് ജോമോൻ പോലീസ് സ്റ്റേഷനിലെത്തിയത്.
മുൻവൈരാഗ്യമാണ് ഷാനിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം പോലീസ് സ്റ്റേഷനിൽ കൊണ്ടിട്ട സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.