കാണാതായ ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. അലിപുർ പാലത്തിന് സമീപം ഒരു മൃതദേഹം കണ്ടതിനെ തുടർന്ന് പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. റൈമയുടെ ഭർത്താവ് ഷെഖാവത് അലി നോബിളാണ് കൊലപാതകി.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് റൈമയുടെ കൊലയാളി താൻ ആണെന്ന് ഭർത്താവ് സമ്മതിച്ചത്. മൂന്ന് ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. നടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി. നടിയുടെ മൃതദേഹത്തിലുടനീളം ഗുരുതരമായ പാടുകളും രക്തക്കറകളും ഉണ്ട്.
ധാക്കയ്ക്ക് സമീപത്തുള്ള കേരനിഗാംജ് പ്രദേശത്ത് വെച്ചാണ് ചാക്കിൽ കെട്ടിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
റൈമയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാലോകവും. കൊലപാതകത്തിന് പിന്നിലുള്ള കാരണം പോലീസ് ഇത് വരെ പുറത്തു വിട്ടിട്ടില്ല.
നടിയുടെ കൊലപാതകത്തിൽ മറ്റു ചില താരങ്ങളുടെ പേരുകളും പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശ് സിനിമ, ടെലിവിഷൻ മേഖലയിലെ പ്രമുഖ താരം ആയിരുന്നു റൈമ. “ബർത്തമൻ” എന്ന ചിത്രത്തിലൂടെ 1998ൽ അഭിനയരംഗത്തേക്ക് എത്തിയ താരം 25 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.