കോട്ടയം : യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട കേസിൽ പോലീസിനെതിരേ ഉയർന്ന ആരോപണങ്ങൾ ശരിയല്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ.
പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണെന്ന് പോലീസ് മേധാവി പറഞ്ഞു. പരാതി ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ പോലീസ് ചെയ്തിട്ടുണ്ട്.
പെട്ടെന്ന് തന്നെ എല്ലാ നടപടികളും സ്വീകരിച്ചു. ഷാൻ ബാബു വധക്കേസിൽ പ്രതികളായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും പോലീസ് മേധാവ് പറഞ്ഞു.
കൊല്ലപ്പെട്ട ഷാനിന്റെ അമ്മ കഴിഞ്ഞ ദിവസം പോലീസിനെതിരെ രംഗത്തെത്തിയിരുന്നു. മകനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നായിരുന്നു ഷാനിന്റെ അമ്മയുടെ ആരോപണം.
ജോമോനാണ് മകനെ കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസിനെ അറിയിച്ചിരുന്നതായും എന്നാൽ മകന്റെ മൃതദേഹമാണ് പോലീസ് സ്റ്റേഷനിൽ കൊണ്ടിട്ടതെന്നും അമ്മ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ കേസിലെ ഒന്നാംപ്രതിയായ ജോമോന്റെ സുഹൃത്തിനെ ഷാനിന്റെ സുഹൃത്ത് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി മർദിച്ചിരുന്നു. ഇത് ഫോണിൽ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഈ ദൃശ്യങ്ങൾക്ക് ഷാൻബാബുവും സുഹൃത്തുക്കളും ചില കമന്റുകൾ ചെയ്തത് ജോമോനും കൂട്ടാളികൾക്കും അപമാനമുണ്ടാക്കി. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.