ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്ക്ക് പോലീസിന്റെ പച്ചകൊടി. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് സമിതി.
എഡിജിപി ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സിനിമ പരിശോധിച്ചത്. കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും സമിതി പറഞ്ഞു.
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്.
ചുരുളി ഒരുതരത്തിലുമുള്ള നിയമലംഘനവും നടത്തുന്നില്ല എന്നാണ് റിപ്പോർട്ടിലുള്ളത്.
സിനിമയിലെ കഥാപാത്രങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇതിലെ ഭാഷ അനിവാര്യമാണ്. ഇത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അത് പരിഗണിക്കേണ്ടിവരുമെന്ന് സമിതി പറഞ്ഞു.
സെൻസർഷിപ്പ് പോലുള്ള നിയമങ്ങൾ ഒ.ടി.ടി സംവിധാനങ്ങൾക്ക് ബാധകമാക്കിയിട്ടില്ല. നിലവിൽ രാജ്യത്തെ നിയമം ലംഘിക്കുന്ന ഒന്നും ചുരുളി സിനിമയിലില്ല എന്നും സമിതി കണ്ടെത്തി.
ഇന്റർനെറ്റ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്ത് പണമടച്ച് എത്തേണ്ട പ്ലാറ്റ്ഫോമിലാണ് സിനിമ എത്തിയത്. അതൊരു പൊതുസ്ഥലമായി കാണാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്.