‘പുഷ്പ’യാണ് തെന്നിന്‍ഡ്യന്‍ താരം അല്ലു അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്‍ഡ്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവില്‍ ‘പുഷ്പ 2’വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടെ ഇപ്പോഴിതാ, അല്ലു അര്‍ജുനും സംവിധായകന്‍ രാജമൗലിയും കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു.
അടുത്ത രാജമൗലി ചിത്രത്തില്‍ അല്ലു അര്‍ജുനും ഉണ്ടാകുമെന്നാണ് വിവരം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്നാണ് റിപോര്‍ട്. നേരത്തെ പ്രഖ്യാപിച്ച മഹേഷ് ബാബു ചിത്രത്തിന് ശേഷമാകും അല്ലുവുമായുള്ള രാജമൗലിയുടെ സിനിമ ആരംഭിക്കുകയെന്നാണ് വിവരം. റിപോര്‍ടുകള്‍ അനുസരിച്ചാണെങ്കില്‍ അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.
അതേസമയം, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍ തേജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ റിലീസിനൊരുങ്ങുകയാണ്. മാര്‍ച് 25ന് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.
ഇക്കഴിഞ്ഞ ജനുവരി ഏഴിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. ഇന്‍ഡ്യന്‍ ഭാഷകള്‍ക്ക് പുറമേ ഇന്‍ഗ്ലീഷ്, കൊറിയന്‍, ടര്‍കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.