സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്ന വാഗ്ദാനം നൽകി കൊരട്ടിയിൽ നിന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച ബാംഗാളി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനെ കാണാൻ ഭർത്താവ് അറിയാതെ ബംഗാളിൽ നിന്നാണ് ഇവർ കൊരട്ടിയിൽ എത്തിയത്.
അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത മകളെയാണ് ഈ സ്ത്രീ കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയത്. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവിയാണ് അറസ്റ്റിലായത്. കൊരട്ടി സിഐ ബി.കെ. അരുണ്‍ ഇവരെ പെരുമ്പാവൂരിൽ വച്ച് അറസ്റ്റു ചെയ്തു.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്താണ് പെണ്‍കുട്ടിയെ ഇവർ പെരുമ്പാവൂരിലേയ്ക്ക് കൊണ്ടുപോയത്. പരാതിയുടെ മേൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു കാണാതായ പെണ്‍കുട്ടിയേയും പ്രതിയേയും കണ്ടെത്തിയത്.
പെണ്‍കുട്ടിയേയും കൊണ്ട് കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് ഇവർ പോലീസിനോടു പറഞ്ഞു. പിടിക്കപ്പെടാതിരിക്കാനായി അന്തർസംസ്ഥാന ബസുകളിലാണ് പ്രതി പെണ്‍കുട്ടിയെ കടത്താൻ ശ്രമിച്ചത്.
നിരവധി ദീർഘദൂര സർവീസ് നടത്തുന്ന ട്രാവൽ ഏജൻസികളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പെണ്‍കുട്ടിയുമായി രാത്രി യാത്രക്ക് ബുക്ക് ചെയ്ത യാത്രാരേഖകൾ പോലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് യാത്രക്കാരെന്ന വ്യാജേന ബസിൽ കയറി രഹസ്യമായി ഇവരെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.