ആരോഗ്യ വകുപ്പിന്റെ കോവിഡ് കാലത്തെ ഇടപാടുകളിലെ സംശയങ്ങൾ മരുന്നില്ല. ജനങ്ങളുടെ രക്ഷയ്ക്കായി സ്വീകരിച്ച അടിയന്തര നടപടിയെ അഴിമതിയായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ആരോഗ്യവകുപ്പിനെ ന്യായീകരിച്ചെങ്കിലും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കോവിഡ് കാലത്ത് നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള സംശയങ്ങളും ദുരൂഹതകളും തുടരുന്നു.
1550 രൂപയ്ക്കു പിപിഇ കിറ്റുകൾ വാങ്ങിയത്, ഇംഗ്ലണ്ടിൽ നിന്ന് ഒരു കോടി ഗ്ലൗസ് ഇറക്കുമതി ചെയ്തത്, കോവിഡിന്റെ തുടക്കകാലത്തു ശുചീകരണത്തിനു ബ്ലീച്ചിങ് പൗഡർ വാങ്ങിയത്, തൃശൂരിൽ ആരോഗ്യ വകുപ്പിലെ കരാർ ജീവനക്കാരന്റെ സ്ഥാപനവുമായി 5 കോടിയുടെ ഇടപാടുകൾ നടത്തിയത്, കൂടിയ വിലയ്ക്കു തെർമോമീറ്റർ വാങ്ങിയത് എന്നിവയാണു പ്രധാനമായും സംശയനിഴലിലുള്ളത്.
2020 ന്റെ തുടക്കത്തിൽ 400-450 രൂപയ്ക്കു മൂന്നു കമ്പനികളിൽ നിന്നു പിപിഇ കിറ്റ് വാങ്ങിയിരുന്ന കെഎംഎസ്സിഎൽ ഒരാഴ്ചയ്ക്കു ശേഷം സാൻ ഫാർമ എന്ന കമ്പനിക്ക് 1550 രൂപയ്ക്ക് ഓർഡർ നൽകിയതും ദുരൂഹമാണ്. ഒറ്റയടിക്ക് 9.3 കോടി രൂപയുടെ ഓർഡർ കൊടുത്തു. കെഎംഎസ്സിഎലുമായി നേരത്തേ ഇടപാടുകൾ നടത്തിയിട്ടില്ലാത്ത കമ്പനിക്കാണ് ഓർഡർ കൊടുത്തത്. ഈ ഇടപാടും ധനവകുപ്പിന്റെ പരിശോധനയിലാണ്.
ക്രമക്കേടു തെളിയിക്കുന്ന മറ്റ് ഒട്ടേറെ നിർണായക രേഖകൾ ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോപണങ്ങൾ എങ്ങനെ ഒതുക്കണം എന്ന ചർച്ചയിലാണ് ആരോഗ്യവകുപ്പ് ഉന്നതർ. കെഎംഎസ്സിഎൽ എംഡി: ശ്രീറാം വെങ്കട്ടരാമനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ ഇതിനായി പ്രാഥമിക കൂടിക്കാഴ്ചകൾ നടത്തിയതായി സൂചനയുണ്ട്.
കോവിഡ് കാലത്ത് ആരോഗ്യവകുപ്പു നടത്തിയ 49 ഇടപാടുകൾ സംശയകരമാണെന്നും അതുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണ പരിശോധനയ്ക്കു വിധേയമാക്കണമെന്നുമാണ് മുഖ്യമന്ത്രിയെ അനൗദ്യോഗികമായി അറിയിച്ചിരുന്നത്. എങ്കിലും നിയമസഭയിൽ ഉദ്യോഗസ്ഥർക്ക് അനുകൂലമായ വിശദീകരണം നൽകിയാൽ മതിയെന്ന തീരുമാനത്തെ തുടർന്നു തയാറാക്കിയ മറുപടിയാണു മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്.