പാറ്റ്ന : പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ വിവാദ പരാമര്‍ശം തിരഞ്ഞെടുപ്പ് ആയുധമാക്കി പാര്‍ട്ടികള്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. യുപി – ബീഹാര്‍ ഭയ്യമാരെ പഞ്ചാബില്‍ കയറാന്‍ പോലും അനുവദിക്കരുതെന്നാണ് ചന്നി പ്രസംഗത്തിനിടെ പറഞ്ഞത്.
പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് നാക്ക് പിഴച്ചത്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ചന്നിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ ബിഹാറിലെ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മനീഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാറ്റ്നയിലെ കടംകുവന്‍ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിഷയം രാഷ്ട്രീയമായി സെന്‍സിറ്റീവ് ആയതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചന്നിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യാഴാഴ്ച അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്തരമൊരു അര്‍ത്ഥശൂന്യമായ പ്രസ്താവനയില്‍ ഞാന്‍ സ്തംഭിച്ചുപോയെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പഞ്ചാബിന്റെ സാമ്പത്തിക വികസനത്തില്‍ ബിഹാറി തൊഴിലാളികളുടെ സംഭാവനയെയും സേവനത്തെയും കുറിച്ച് അദ്ദേഹത്തിന് അറിയാമോ എന്നും അവിടെ എത്ര പേര്‍ താമസിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമോ എന്നും നിതീഷ് കുമാര്‍ ചോദിച്ചു.
കോണ്‍ഗ്രസും പഞ്ചാബ് മുഖ്യമന്ത്രിയും വോട്ടിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടാണ് നരേന്ദ്ര മോദി ചന്നിക്ക് മറുപടി നല്‍കിയത്.
ദില്ലിയില്‍ നിന്നുള്ള കുടുംബം കൈ കൊട്ടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദിയുടെ മറുപടി. ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന മാനസികാവസ്ഥയുള്ളവരെ ഒരു നിമിഷം പോലും പഞ്ചാബ് ഭരിക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും ബി ജെ പിയും ആം ആദ്മിയും രാഷ്ട്രീയ നേട്ടത്തിന് വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.