തിരുവനന്തപുരം : ബലാത്സംഗ കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗാണെന്ന് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
ബലാത്സംഗ പരാതി വ്യാജമാണെന്നാണ് മധുസൂദന ഗിരി റാവു കോടതിയെ അറിയിച്ചത്. ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും ഇയാൾ പറഞ്ഞു.
യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റിൽ എത്തിയതെന്നും ചീഫ് എയർപോർട്ട് ഓഫീസർ അറിയിച്ചു. വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകൾ ഉദ്യോഗസ്ഥൻ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം ഇരുവരും തമ്മിൽ സൗഹൃദം തുടർന്നു എന്നും ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തതു കൊണ്ടാണ് ഇവർ പൊലീസിൽ പരാതി നൽകിയതെന്നും റാവു കോടതിയെ അറിയിച്ചു.
എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിൽ തുമ്പ പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ അദാനി ഗ്രൂപ്പ് സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓഫീസർ. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.