പാലക്കാട് : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുമ്പോഴും ഒരു കൂസലുമില്ലാതെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് സിപിഎം. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോടാണ് സിപിഎം കന്നുപൂട്ട് സംഘടിപ്പിച്ചത്.
അന്തരിച്ച മുൻ ലോക്കൽ സെക്രട്ടറി ജി വേലായുധന്റെ സ്മരണാർഥമാണ് കന്നുപൂട്ട് നടത്തിയത്. മലമ്പുഴ എംഎൽഎ എ. പ്രഭാകരനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലും ഇരുനൂറോളം പേർ കന്നുപൂട്ട് കാണാനെത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം സംഘടിപ്പിച്ചതെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം.
സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം ഉരുക്കൾ പ്രദർശനത്തിൽ പങ്കെടുത്തു. പൊതു പരിപാടികളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നിരിക്കെയാണ് 200 ഓളം പേർ പ്രദർശനത്തിൽ പങ്കെടുത്തത്.
നേരത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് കന്നുപൂട്ട് പ്രദർശനവും അരങ്ങേറിയത്.