വഴിവിളക്ക് സ്ഥാപിക്കാനായി പണപ്പിരിവ് നടത്തി ട്വന്റി- 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്ക് സ്ഥാപിക്കാന്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചതായാണ് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് കെ എസ് ഇ ബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വഴി വിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് എന്ന പേരില്‍ 2500 രൂപ വരെയാണ് പിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചാരണം. 2022 ജനുവരി 25 വൈകിട്ട് 8 ന് ആരംഭിച്ച ചലഞ്ചില്‍ 2022 ഫെബ്രുവരി 3-ാം തീയതി രാത്രി 12 മണിവരെ 14,27,970 ലഭിച്ചെന്നാണ് പോസ്റ്റില്‍ പറയുന്നത്.
അതേസമയം, വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെ എസ് ഇ ബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി-20യുടെ നടപടി. പണാപഹരണത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കെ എസ് ഇ ബി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.