കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്കൂൾ അധികൃതർ തടഞ്ഞു. സംഭവത്തിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി. കൂടാതെ പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണ് സര്‍ക്കാരെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ഇന്ത്യയിലെ പെണ്‍മക്കളുടെ ഭാവി കവരുകയാണ്. സരസ്വതി ദേവി അറിവ് എല്ലാവര്‍ക്കുമായിട്ടാണ് നല്‍കുന്നത്. വേര്‍തിരിവ് കാണിക്കാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍, സ്‌കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.
വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിലും കോളേജിലും ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.