കൊച്ചി : സി.പി.എം. സമ്മേളനത്തിനായി എറണാകുളം നഗരത്തില്‍ കൊടികള്‍ നിറഞ്ഞതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൊടികള്‍ സ്ഥാപിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി കൊടിതോരണങ്ങളും ഫ്‌ലക്‌സുകളും സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്രയധികം കൊടികള്‍ എന്തിനാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ ചോദിച്ചു.
സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരമാകെ കൊടികള്‍ നാട്ടിയത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ ഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഉണ്ടായത്. ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും മറ്റ് നിര്‍മിതികളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
പാര്‍ട്ടി നിയമംലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. വിമര്‍ശനമുന്നയിക്കുമ്പോള്‍ തന്നെ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി ആക്ഷേപിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കോടതിയുടെ ഉത്തരവുകള്‍ പരസ്യമായി ലംഘിക്കപ്പെടുകയാണ്. ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്ന് കോടതി ചോദിച്ചു. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ എന്താണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത് എന്നും കോടതി ചോദിച്ചു.
പാര്‍ട്ടിസമ്മേളനത്തിന്റെ ഭാഗമായി നിയമാനുസൃതം കൊടികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായി കൊച്ചി കോര്‍പറേഷന്‍ വിശദീകരിച്ചു. അഞ്ചാം തീയതിക്കുശേഷം എല്ലാ കൊടിതോരണങ്ങളും നീക്കംചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിഷയം മാര്‍ച്ച് എട്ടിന് വീണ്ടും കോടതി പരിഗണിക്കും.