ഐ എസ് എല്ലിലെ കോവിഡ് വ്യാപനം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും എത്തി. കോവിഡ് കാരണം കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയില്ല. ടീം ഒഫീഷ്യൽസിന്റെ ഇടയിൽ കോവിഡ് കേസുകൾ വന്നതു കൊണ്ടാണ് പരിശീലനം നിർത്തിയത്.
കേരള ടീം ഐസൊലേഷനിൽ പോയിരിക്കുകയാണ്. താരങ്ങൾക്കൊ കോച്ചുകൾക്കോ ഇതുവരെ കോവിഡ് പോസിറ്റീവ് ആയിട്ടില്ല. ഇത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ്. ഇനി വരുന്ന കോവിഡ് ടെസ്റ്റ് ബ്ലാസ്റ്റേഴ്സിന് നിർണായകമാകും.
ടീം നാളെയും പരിശീലനം നടത്താൻ സാധ്യതയില്ല. എല്ലാ താരങ്ങളും പരിശീലകരും ഇപ്പോൾ അവരുടെ റൂമുകളിൽ ഐസൊലേഷനിൽ ആണ്.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയുമായി കളിച്ചിരുന്നു. ഒഡീഷ ക്യാമ്പിൽ നിരവധി പോസിറ്റീവ് കേസുകൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് കൂടെ ഐസൊലേഷനിൽ ആയതോടെ 11 ക്ലബിൽ ഏഴു ക്ലബുകളെയും കോവിഡ് ബാധിച്ചിരിക്കുകയാണ്.
എഫ് സി ഗോവ ടീമിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനാൽ എഫ് സി ഗോവയും നോർത്ത് ഈസ്റ്റും ഐസൊലേഷനിൽ പോയി. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഒഡീഷ, ബെംഗളൂരു എഫ് സി എന്നിവരും ഐസൊലേഷനിൽ ആണ്.