കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ബോംബ് നിർമ്മാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു.
ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപം ഉണ്ടാക്കാൻ ആർഎസ് എസുകാർ ബോംബ് നിർമ്മിക്കുകയാണെന്നും ജയരാജൻ വിമർശിച്ചു. പോത്തിന്റെ പ്ലോട്ട്, റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഭരണഘടനയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ദില്ലിയിൽ നടക്കുന്നതെന്നാണ് ജയരാജൻ പറയുന്നത്.
ലോകായുക്തയിലും ജയരാജൻ അഭിപ്രായം പറഞ്ഞു. പുതിയ സാഹചര്യത്തിൽ ലോകായുക്ത നിയമം ദുരുപയോഗപ്പെടുത്തിയേക്കാം എന്ന് ജയരാജൻ പറഞ്ഞു. ലോകായുക്ത സിറിയക് ജോസഫിനെതിരായ ജലീലിന്റെ പരാമർശം ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും ജയരാജൻ പറഞ്ഞു.
ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നു. പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംഭവത്തിൽ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം തുടരുകയാണ്. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേർന്നാണ് കണ്ണൂരിൽ ബോംബ് നിർമ്മാണം നടന്നത്.