ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗത്തെ തുടര്‍ന്ന് സിനിമ കരിയര്‍ അവസാനിപ്പിക്കുന്നതായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരുമെന്നും ഫേസ്ബുക്കിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
”ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും.”-അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.
ആരാധകരടക്കം നിരവധിപ്പേരാണ് അല്‍ഫോന്‍സിന്റെ പോസ്റ്റില്‍ കമന്റുകളുമായി എത്തുന്നത്. സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിര്‍ണയം നടത്തൂ എന്നാണ് ആരാധകര്‍ പറയുന്നത്. ”അടിപൊളി ആയി തിരിച്ചു വരും. നിങ്ങള്‍ക്ക് അതിനു പറ്റും. നിങ്ങള്‍ക്കേ പറ്റൂ.” എന്നും ചിലര്‍ കമന്റ് ചെയ്യുന്നു. പോസ്റ്റ് ചര്‍ച്ചയായതോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അല്‍ഫോന്‍സ് നീക്കം ചെയ്തു.