തിരുവനന്തപുരം : സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍. സ്വപ്‌നയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചിരിക്കുകയാണ്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സ്വപ്നയ്ക്ക് ഇഡിയുടെ നിര്‍ദേശം. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം നടക്കുക. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു ശബ്ദരേഖ.
ഇതിന് പിന്നിലെ ഗൂഢാലോചനയാകും ഇഡി അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന് പിന്നിലെന്ന് സ്വപ്‌ന ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം അട്ടിമറിക്കാന്‍ എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നായിരുന്നു സ്വപ്‌ന പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാന്‍ സാവകാശം നല്‍കാതെ മൊഴി പ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ വലിയ വിവാദമായിരുന്നു.
ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍’ നടത്തിയെന്ന് പറയാന്‍ സമ്മര്‍ദമുണ്ടെന്നാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുണ്ടായിരുന്നത്. ഇതെല്ലാം തന്നെക്കൊണ്ട് വ്യാജമായി പറയിപ്പിച്ചതാണെന്നാണ് സ്വപ്‌ന പറയുന്നത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള അധികാരം സംസ്ഥാന പൊലീസിനാണ്.
കേരള പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ ഇഡി നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുന്‍പാണ് എം ശിവശങ്കറിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചുവെന്നും തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു.