തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നു. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പോലും ഗുണ്ടകൾക് ഇപ്പോൾ ഭയമില്ലാതായിക്കഴിഞ്ഞു.
ഏറ്റവും ഒടുവിലായി ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ് ഗുണ്ടകളുടെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നാട്ടിലെ കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി പൊലീസ് നിരവധി വീടുകളിൽ പരിശോധന നടത്തിയിരുന്നു.
ഇതിലുള്ള പ്രതികാരമായിട്ടാവാം പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടന്നത് എന്നാണ് സൂചന. അക്രമണത്തിന് പിന്നാലെ കാട്ടാക്കട പൊലീസ് ഡിവിഷന് കീഴിലെ മുഴുവൻ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥർ ആര്യങ്കോട് എത്തിയിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഗുണ്ടാ അക്രമങ്ങളിൽ നാട്ടുകാരാകെ പരിഭ്രാന്തിയിലാണ്. കോട്ടയത്ത് യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടതിന്റെ ഞെട്ടലിൽ നിന്ന് പലരും ഇത് വരെ മുക്തി നേടിയിട്ടില്ല.