എയർപോർട്ട് പീഡനക്കേസിൽ ചീഫ് എയർപോർട്ട് ഓഫീസർ ജി മധുസൂദന റാവുവിന് ഹൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു.
മൊബൈൽ ഫോൺ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. ജനുവരി 31 വരെ രാവിലെ 9 മണി മുതൽ അന്വേഷണസംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാം.
ബലാത്സംഗ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്നാണ് മധുസൂദന റാവു കോടതിയിൽ വാദിച്ചത്. ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും ഇയാൾ പറഞ്ഞു.
പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷവും ദിവസങ്ങളോളം സൗഹൃദം തുടര്‍ന്നു. ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തത് കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും റാവു ആരോപിക്കുന്നു.
യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റില്‍ എത്തിയതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഇയാൾ വ്യക്തമാക്കി. വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകളും ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിൽ തുമ്പ പൊലീസാണ് മധുസൂദന ഗിരി റാവുവിനെതിരെ കേസെടുത്തത്.
ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മധുസൂദന ഗിരി റാവു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ അദാനി ഗ്രൂപ്പ് സസ്പെൻഡ് ചെയ്തിരുന്നു.