കൊച്ചി : സർക്കാരിനെ വെട്ടിലാക്കി കെ റെയിലിൽ ഹൈ കോടതിയുടെ ഇടപെടൽ. കെ റെയിൽ പദ്ധതിയെ എതിർത്ത് ഹർജി നൽകിയവരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി തടഞ്ഞു. അടുത്ത സിറ്റിങ് വരെയാണ് സർവേ തടഞ്ഞിരിക്കുന്നത്.
ഡി.പി.ആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് അടുത്തമാസം ഏഴിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതുവരെ സർവേ നടപടികൾ നിർത്തിവെക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാനാകൂ എന്നും കല്ലിട്ടുന്നതിന് മുൻപ് സർവേ തീർക്കണമായിരുന്നു എന്നും കോടതി സർക്കാരിനെ ഓർമിപ്പിച്ചു.
ഏകദേശം 10 ഓളം ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണയിലുള്ളത്. എന്ത് അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയാറാക്കിയത്, ഏരിയൽ സർവേയുടെ അടിസ്ഥാനത്തിൽ ഡി.പി.ആർ തയാറാക്കിയത് നിയമപരമാണോ, നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ സർക്കാർ പദ്ധതിക്ക് തയാറെടുത്തത് എന്നതുപ്പെടെയുള്ള ചോദ്യങ്ങൾ കോടതി ചോദിച്ചു.
സംസ്ഥാനം സമർപ്പിച്ച ഡി.പി.ആർ പരിശോധിക്കുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
അതേ സമയം ഹൈക്കോടതിയുടെ പരാമർശങ്ങൾ മറയാക്കി ജനങ്ങൾ അടയാള കല്ലുകൾ പിഴുതിടുകയാണെന്ന് കെ റെയിൽ കോടതിയെ അറിയിച്ചു. അടയാളക്കല്ലുകളിൽ ആളുകൾ റീത്ത് വെക്കുകയാണെന്നും സർക്കാർ പറഞ്ഞു.
കെ റെയിലിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലെ കോടതി വിധി സർക്കാരിന് ക്ഷീണമായിട്ടുണ്ട്.