വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവിന്റെ പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി കെ.ടി ജലീൽ രംഗത്ത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി മൽസരിച്ച തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് വെറും ഒൻപതിനായിരത്തി തൊള്ളായിരം മാത്രമാണ് എന്ന് ജലീൽ പറഞ്ഞു.
പതിനായിരം വോട്ടിന്റെ കുറവാണ് ബി.ജെ.പിയുടെ വോട്ടു പെട്ടിയിൽ പ്രകടമായത്. ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകൾ ബി.ജെ.പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്ന് കൊണ്ടാണെന്ന് ജലീൽ പറഞ്ഞു.
അതിന്റെ ഓഡിയോ ക്ലിപ്പും താമസിയാതെ പുറത്ത് വരുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിൽ യു.ഡി.എഫ്, ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും ഇതിന് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നുവെന്നുമാണ് ജലീൽ ആരോപിക്കുന്നത്.
ചതിക്കുഴികൾ വേണ്ടുവോളം കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ലീഗിനോ കോൺഗ്രസ്സിനോ കഴിഞ്ഞില്ലെന്ന് പറഞ്ഞ ജലീൽ ഇനിയൊട്ട് അതിന് കഴിയുകയുമില്ലെന്നും കൂട്ടിച്ചേർത്തു.