ഡല്‍ഹി: രാഹുൽ ഗാന്ധിയോട് കയർത്ത് ലോക്‌സഭ സ്പീക്കർ. പാര്‍ലമെന്ററി രീതികള്‍ കൃത്യമായി പാലിക്കാത്തതിനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്പീക്കറുടെ താക്കീത് കിട്ടിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍.
നന്ദിപ്രമേയ ചര്‍ച്ച തുടങ്ങിവച്ച് സംസാരിച്ചത് രാഹുലായിരുന്നു. സംസാരമധ്യേ മറ്റൊരു എം.പി ഇടപെട്ടു. രാഹുല്‍ അദ്ദേഹത്തിന് ഇടപെട്ട് സംസാരിക്കാന്‍ അനുവാദം നല്‍കി. ഉടനെ സ്പീക്കർ ഇടപെട്ടു.നിങ്ങള്‍ ആരാണ് അനുവാദം നല്‍കാന്‍? നിങ്ങള്‍ക്ക് അനുവാദം നല്‍കാന്‍ കഴിയില്ല, അത് എന്റെ അവകാശമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഒരാള്‍ക്കും സംസാരിക്കാന്‍ അനുവാദം നല്‍കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, അത് ചെയറിന്റെ അധികാരമാണ്-സ്പീക്കര്‍ പറഞ്ഞു.
രാഹുല്‍ സംസാരിക്കുന്നതിനിടെ ബിജെപി എം.പി കമലേഷ് പാസ്വാനാണ് ഇടപെട്ട് സംസാരിക്കാന്‍ ഒരുങ്ങിയത്. ഉടന്‍ രാഹുല്‍ സംസാരം നിര്‍ത്തി കമലേഷിന് പറയാന്‍ അനുവാദം നല്‍കി. ഞാന്‍ ഒരു ജനാധിപത്യവാദിയാണ്. മറ്റൊരാള്‍ക്ക് സംസാരിക്കാന്‍ ഞാന്‍ അനുവാദം നല്‍കുന്നു എന്ന് രാഹുല്‍ പറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. രാഹുലിന് തൊട്ടുമുമ്പ് സഭയില്‍ സംസാരിച്ചത് കമലേഷ് പാസ്വാനായിരുന്നു. പ്രസംഗമധ്യേ ദളിത് ആയ കമേഷ് പക്ഷേ തെറ്റായ പാര്‍ട്ടിയിലാണുള്ളത് എന്ന് രാഹുല്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കമലേഷ് ഇടപെട്ടത്.