ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് താനെന്നും അതിനാലാണ് സംസ്ഥാനത്തെങ്ങും തന്റെ മുഖമല്ലേ കാണുന്നത് എന്ന് കഴിഞ്ഞ ദിവസം ചോദിച്ചതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
എന്നാൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് പ്രിയങ്ക ഗാന്ധി ഉറപ്പിച്ച് പറഞ്ഞിട്ടില്ല. നിലവില്‍ പാര്‍ട്ടിയുടെ യുപിയിലെ ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും പ്രിയങ്ക പറഞ്ഞു.
എല്ലാ നിമിഷവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യമാണ് താൻ കേൾക്കുന്നതെന്നും പ്രിയങ്ക പറയുന്നു.
മത്സരിക്കണോ വേണ്ടയോ എന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ലാത്ത കാര്യമാണെന്നും പ്രിയങ്ക പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ തീരുമാനായാല്‍ എല്ലാവരേയും അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.
മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന കാര്യവും പ്രിയങ്ക പറഞ്ഞു. ഗൊരഖ്പൂരില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു വിഷയം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി.
യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുകയാണെങ്കില്‍ അത് നല്ല സന്ദേശം നല്‍കുമെന്ന് പലരും പറയുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ സന്ദേശം നല്‍കാന്‍ വേറെയും മാര്‍ഗങ്ങള്‍ ഉണ്ടെന്നാണ് പ്രിയങ്ക മറുപടി നൽകിയത്.
നേരത്തെ യുപി യിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യത്തിന് യുപിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വേറെ ഏതെങ്കിലും മുഖം കാണുന്നുണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഈ പ്രസ്താവന പാർട്ടി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.