സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
ഡിപിആര്‍ തയാറാക്കാന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന സംഭവം കാടത്തരമാണ്, സ്ത്രീകള്‍ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടി അപമാനകരമാണെന്നും വി മുരളീധരന്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ഇന്നും വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ഇന്നലെ പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരിയിലെ മാടപ്പള്ലിയിലെ ഹര്‍ത്താലിന്റെ ഭാഗമായി വലിയ രീതീയില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. കോഴിക്കോട് കല്ലായിയിലും നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. മുദ്രാവാക്യവിളികളുമായി നാട്ടുകാര്‍ വഴിതടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അനുനയിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ വന്‍ പൊലീസ് സന്നാഹം തന്നെ സ്ഥലത്തെത്തി സ്ത്രീകളടക്കം സമരം ചെയ്ത നാട്ടുകാരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞതിനാണ് അറസ്റ്റ്.
അതേസമയം, സില്‍വര്‍ ലൈന്‍ ഏറ്റവും മോശവും രാജ്യത്തിന്റെ സമ്ബദ്‌ഘടന തകര്‍ക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. അതിര്‍ത്തി മതിലുകള്‍ കേരളത്തെ പിളര്‍ക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ലെന്നും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി.
കെ റെയില്‍ പദ്ധതിയെ ശക്തമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് ആരോപിച്ചു. സഭ ബഹിഷ്കരിച്ച് അദ്ദേഹം ഇപ്പോള്‍ മാടപ്പള്ളിയില്‍ എത്തിയിരിക്കുകയാണ്. ഇന്നലെ മര്‍ദനമേറ്റ സ്ത്രീകളും കുട്ടികളുമായും ചര്‍ച്ച നടത്തി സമരം ശക്തിപ്പെടുത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണില്ലെന്നും ധിക്കാരം കൊണ്ട് അന്ധത ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.