തിരുവനന്തപുരം : സ്വപ്ന ചതിക്കുമെന്ന് കരുതിയില്ലെന്ന് എം.ശിവശങ്കർ. തന്റെ സുഹൃത്തായിരുന്ന സ്വപ്ന സുരേഷിന് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നത് അപ്രതീക്ഷിത വിവരമായിരുന്നുവെന്ന് എം.ശിവശങ്കർ ഐഎഎസ് പറയുന്നു.
കൈക്കൂലിയായി കിട്ടിയ ഐ ഫോൺ തന്ന് സ്വപ്ന തന്നെ ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എം.ശിവശങ്കർ പറഞ്ഞു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതും ആ ദിനങ്ങളിൽ അനുഭവിച്ചതും ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിലൂടെ വെളിപ്പെടുത്തുകയാണ് ശിവശങ്കർ.
ആത്മകഥയുടെ ഒരു അധ്യായത്തിലാണ് സ്വപ്ന സുരേഷ് ചതിക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലിന്റെ പേരിൽ കേന്ദ്ര ഏജന്‍സികൾ നടത്തിയത് മനുഷ്യത്വരഹിതമായ പെരുമാറ്റമായിരുന്നെന്നും ശിവശങ്കർ വെളിപ്പെടുത്തുന്നത്.
തന്റെ സുഹൃത്തായ സ്വപ്ന സുരേഷിനു സ്വർണക്കടത്തുകേസില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതോടെയാണ് താനും സംശയത്തിന്റെ നിഴയിലായതെന്നു ശിവശങ്കർ പറയുന്നു.
ഒന്നിനു പുറകേ ഒന്നായി വന്ന ആരോപണങ്ങള്‍ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞില്ല. തന്നെ അറിയാവുന്ന കുടുംബത്തിന്റെയും ഉപേക്ഷിക്കില്ല എന്നുറപ്പിച്ച സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷമാണ് കേസിലെ സംഭവഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ശിവശങ്കർ പുസ്തകത്തിൽ പറയുന്നു.
അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രിയെ ഈ കേസിലേക്കു വലിച്ചിഴയ്ക്കാൻ നല്ല സമ്മർദമുണ്ടെന്നു 90 മണിക്കൂർ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോൾ വ്യക്തമായെന്നു ശിവശങ്കർ ആത്മകഥയിൽ പറയുന്നു.