കീവ്: ഒളിച്ചോടിയെന്ന റഷ്യയുടെ ആരോപണത്തിന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുടെ മറുപടി. സെല്‍ഫ് ഷോട്ട് വീഡിയോയിലൂടെയാണ് റഷ്യയ്ക്ക് മറുപടിയുമായി സെലെന്‍സ്‌കി എത്തിയത്. ‘ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ട്. ഞങ്ങളുടെ സൈന്യം ഇവിടെയുണ്ട്. സമൂഹത്തിലെ പൗരന്മാര്‍ ഇവിടെയുണ്ട്. നാമെല്ലാവരും ഇവിടെയുണ്ട്, നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്നു, അത് അങ്ങനെ തന്നെ തുടരും’ എന്ന് പ്രസിഡന്‍സി കെട്ടിടത്തിന് പുറത്ത് നിന്നുള്ള വീഡിയോയിലൂടെ സെലെന്‍സ്‌കി പറഞ്ഞു.
ഒലിവ് പച്ച സൈനിക ശൈലിയിലുള്ള വസ്ത്രം ധരിച്ച് പ്രധാനമന്ത്രി, ചീഫ് ഒഫ് സ്റ്റാഫ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പമാണ് സെലെന്‍സ്‌കി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, യുക്രെയിനില്‍ പട്ടാള അട്ടിമറി നടത്താന്‍ വ്‌ളാദിമിര്‍ പുടിന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തു.
ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന്‍ പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്. സെലന്‍സ്‌കി സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തോട് ഞാന്‍ ആവശ്യപ്പെടുകയാണ്. യുക്രെയിന്‍ ഭരിക്കുന്നത് ഭീകരരും നവനാസികളും ലഹരിക്കടിമപ്പെട്ടവരുമാണ്. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാന്‍ യുക്രെയിനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുതെന്നും പുടിന്‍ ആഹ്വാനം ചെയ്തു.