കോടിയേരി ബാലകൃഷ്ണനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവനയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കോടിയേരിയുടേത് മൂന്നാംകിട വർത്തമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ പച്ചയ്ക്ക് വർഗീയത പറഞ്ഞ ഒരു രാഷ്ട്രീയ നേതാവില്ലെന്നും വി.ഡി. സതീശൻ വിമർശിച്ചു.
കോൺഗ്രസിന്റെ ഭാരവാഹിത്വത്തിൽ ന്യൂനപക്ഷങ്ങൾ ഇല്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. സി.പി.എം അഖിലേന്ത്യാ സെക്രട്ടറിമാർ മുഖ്യമന്ത്രിമാർ, ജില്ലാ സെക്രട്ടറിമാർ എന്നിവരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട എത്ര പേരുണ്ടെന്ന് ആദ്യം പരിശോധിച്ച ശേഷം വൈദ്യർ സ്വയം ചികിത്സ തുടങ്ങണം.
വർഗീയത പറയാൻ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ് എന്നും വിഡി സതീശൻ പരിഹസിച്ചു.
എല്ലാ വിഭാഗങ്ങളെയും കേരളത്തിലെ കോൺഗ്രസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലുള്ള ആളുകളും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുമുണ്ട്.
കോടിയേരി പഴയ കാര്യങ്ങളൊക്കെ മറന്നു പോകുകയാണ്. കോൺഗ്രസിലെ ആളുകളെയൊന്നും കോടിയേരി തീരുമാനിക്കേണ്ട. അതിനുള്ള സംവിധാനം കോൺഗ്രസ് പാർട്ടിയിലുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ പാർട്ടിയെ നിയന്ത്രിക്കുന്ന പാർട്ടിയാകാൻ സി.പി.എം സംസ്ഥാന ഘടകം ശ്രമിക്കുന്നു എന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.
എല്ലാ മതവിഭാഗങ്ങളെയും ചേർത്ത് നിർത്തുകയെന്നതാണ് കോൺഗ്രസ് നിലപാട്. അതു മനസിലാക്കാതെ കോടിയേരി ബി.ജെ.പിയുടെ പിറകെ പോകരുത് എന്നും വിഡി സതീശൻ ഉപദേശിച്ചു.