എഴുത്തുകാരൻ റഫീഖ് അഹമ്മദിനെതിരേയും അരിത ബാബുവിനെതിരേയും നടക്കുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളും അവരുടെ അണികൾക്ക് പ്രചോദനം നൽകുന്ന രീതിയിൽ അസഭ്യം വിളമ്പുകയാണ് എന്ന് ചെന്നിത്തല പറഞ്ഞു.
സൈബർ ഇടങ്ങളിൽ സിപിഎം നടത്തുന്ന ആക്രമണം അതിരു കടന്നിരിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല, എകെജി സെൻററിൽ നിന്നും വരുന്ന നിർദ്ദേശമനുസരിച്ച് വളരെ ആസൂത്രണമായി നടക്കുന്ന ഒരു അക്രമമാണിത് എന്നും പറഞ്ഞു.
ഒളിപ്പോര് നടത്തുന്ന മുഖവും അന്തസ്സും ഇല്ലാത്ത ഈ അണികളെ നേരിട്ട് തിരിച്ചറിയുവാൻ കഴിയില്ലെങ്കിലും ഇവർ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ യഥാർത്ഥ മുഖച്ഛായ ജനം ഇതുവഴി തിരിച്ചറിയുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
സിപിഎം ഭരണ പരാജയങ്ങളെ വിമർശിക്കുന്ന ആരെയും കടന്നാക്രമിച്ച് അവരുടെ വായ മൂടി കെട്ടുക എന്നതാണ് ഈ സൈബർ സഖാക്കളുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ചും കോൺഗ്രസ് പാർട്ടിയിലെ വനിതാ നേതാക്കളോട് ഇവർ പ്രതികരിക്കുന്നത് ഒട്ടും നിലവാരമില്ലാത്ത രീതിയിൽ ആണ്.
പ്രതികരണങ്ങൾ തികച്ചും സ്ത്രീ വിരുദ്ധതയാണ്. ശ്രീമതി സോണിയാ ഗാന്ധി മുതൽ അരിത ബാബു വരെ ഇവരിൽനിന്നും ഏറ്റുവാങ്ങേണ്ടി വരുന്ന അധിക്ഷേപങ്ങൾ സിപിഎമ്മിലെ വനിതാ നേതാക്കൾ കാണുന്നുണ്ടാവും എന്നും ചെന്നിത്തല പറഞ്ഞു.
റഫീഖ് അഹമ്മദിനെതിരെ സിപിഎം സൈബർ പോരാളികൾ അഴിച്ചുവിട്ട ആക്രമണം തന്നെ വേദനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു. കെ – റെയിൽ പദ്ധതിക്കെതിരെ ശ്രീ റഫീഖ് അഹമ്മദ് തൻ്റെ നിലപാട് അറിയിച്ചതാണ് സൈബർ സഖാക്കളുടെ ആക്രമണം ഏൽക്കാൻ കാരണമായത്.
സൈബർ അക്രമങ്ങളിൽ സഖാക്കൾ മാത്രമല്ല അവർക്കൊപ്പം അവരുടെ പങ്കാളികളായ സംഘപരിവാർ അക്കൗണ്ടുകളും ഉണ്ട് എന്ന് ചെന്നിത്തല പറഞ്ഞു. ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതിലും സിപിഎം സൈബർ അണികൾക്കൊപ്പം സംഘപരിവാർ സൈബർ അണികളും ഒട്ടും മോശമല്ലാതെ പ്രവർത്തിക്കുകയാണ് എന്നും ചെന്നിത്തല വ്യക്തമാക്കി.
ഇവർ രണ്ടു പേരിൽ നിന്നും ഒരേ പോലെ അക്രമണം നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് താനെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ അഴിമതികൾ പുറത്തു കൊണ്ടുവന്നതിൻ്റെ പേരിലും മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് നടപടികളെ ചോദ്യം ചെയ്തതിൻ്റെ പേരിലും അതിരുകടന്ന ആക്രമണങ്ങൾ എനിക്ക് നേരിടേണ്ടി വന്നു എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.